Monday 10 May 2010

ഒറ്റമുള്ളുള്ള നാരകം

മുൻപൊക്കെ
ശനിയും ഞായറും കൂടി
സ്കൂളുണ്ടായിരുന്നിരിക്കണം
വീട്ടിൽ അമ്മയുള്ള ഒരു ദിനവും
എന്റെ ചെറുപ്പത്തിലെ
ഓർമ്മകളിലില്ല

വടക്കുപുറത്തെ
നാരകവും ഞാനും
ഒപ്പം
വളവു തിരിഞ്ഞു മറയുന്ന അമ്മയെ
നോക്കിനിൽക്കുമായിരുന്നു.

അപ്പോളെന്റെ
ചെറിയ നെഞ്ചിൻ കൂട്‌
തുരുതുരെ ഇളകുന്നുണ്ടായിരിക്കും

വലിയ കണ്ണുകൾ
വേഗം വേഗം
അടച്ചു തുറക്കുന്നുണ്ടായിരിക്കും

ചെറിയ കൈകൾ
ഒറ്റമുള്ളുള്ളനാരകത്തെ
മുറുക്കി പിടിക്കുന്നുണ്ടായിരിക്കും.

ചാണകം മെഴുകിയ
ഇടനാഴിയിൽ
ഇരുട്ടിൽ
മുന്നിലെ പാത്രത്തിലെ ചോറിൽ
കൈവച്ചിരുന്ന്‌
എന്നും ഞാൻ
അമ്മയെ ഓർത്ത്‌ കരഞ്ഞിരുന്നു.

ഇടവഴിക്കപ്പുറം
മരക്കൂട്ടത്തിൽ
കുറുക്കൻ പായുമ്പോഴും
ഉടുപ്പിടാത്ത പുറത്ത്‌
നീണ്ട മുടി ശല്യം ചെയ്യുമ്പോഴും
ഞാൻ
അമ്മയെ ഓർത്ത്‌
കരഞ്ഞിരുന്നു.

അമ്മ പല്ലുതേപ്പിക്കുന്നതോ
അമ്മ കുളിപ്പിക്കുന്നതോ
എന്റെ ഓർമ്മയിലൊരിടത്തുമില്ലല്ലോ
അമ്മ പോവുന്നതല്ലാതെ
തിരിച്ചു വരുന്നതും.

പക്ഷെ അമ്മേ,
ഇന്നു ഞാനമ്മയും
അമ്മ ഞാനുമായി-

പടിയിറങ്ങിയതും
തിരിച്ചു ചെല്ലാത്തതും
ഞാനല്ലേ?
വടക്കുപുറത്തെ നാരകച്ചോട്ടിൽ
അമ്മയും?

17 comments:

  1. പുതിയ ബ്ലോഗിലേക്കും ഞാനെത്തി.. നല്ല കവിതകള്‍ ..
    ഇനിയുമിനിയും എഴുതണം...

    എവിടെയൊക്കെയോ കൊളുത്തിവലിക്കുന്ന വരികള്‍..

    ReplyDelete
  2. അപ്പോളെന്റെ
    ചെറിയ നെഞ്ചിന്‍ കൂട്‌
    തുരുതുരെ ഇളകുന്നുണ്ടായിരിക്കും

    വലിയ കണ്ണുകള്‍
    വേഗം വേഗം
    അടച്ചു തുറക്കുന്നുണ്ടായിരിക്കും

    ചെറിയ കൈകള്‍
    ഒറ്റമുള്ളുള്ളനാരകത്തെ
    മുറുക്കി പിടിക്കുന്നുണ്ടായിരിക്കും.
    -നല്ല വരികള്‍

    ReplyDelete
  3. പക്ഷെ അമ്മേ,
    ഇന്നു ഞാനമ്മയും
    അമ്മ ഞാനുമായി-
    ഒരു കഥ പോലെ മനസ്സിൽ പലതും ഓർമ്മപെടുത്തി മാഞ്ഞു പോകുന്ന അമ്മയും മകളും.

    ReplyDelete
  4. നല്ല കവിത.വളവുതിരിവുകളില്ലാതെ നേരിട്ടുള്ള എഴുത്ത്..

    ReplyDelete
  5. മനസ്സൊന്നു കോറി ഈ മുള്ള് കൊണ്ടപ്പോള്‍.ഒരുപാടിഷ്ടമായി വരികള്‍..

    ReplyDelete
  6. വടക്കേപ്പുറത്തെ നാരകച്ചോട്ടില്‍
    കാത്തിരിപ്പുകള്‍ ഇപ്പോഴും
    പൂത്തുലഞ്ഞുതന്നെയിരിക്കുന്നുവോ?

    .....
    പരിചിതമായതെന്തോ ..പരിചയമുള്ളവരിലാരോ..

    ReplyDelete
  7. കൊള്ളാം വരികള്‍

    ReplyDelete
  8. വളവു തിരിഞ്ഞു മറയുന്ന അമ്മയും അമ്മയെ നോക്കി നാരക ചോട്ടില്‍ നില്‍കുന്ന മകളും ഒരു നനുത്ത നോവായി മനസ്സില്‍ നില്കുന്നു

    ReplyDelete
  9. കൊള്ളാമല്ലോ. വരികള്‍ നന്നായിട്ടുണ്ട്

    ReplyDelete
  10. മുള്ളുള്ള കവിതേ!!!

    ReplyDelete
  11. പ്രിയ അനാമിക ടീച്ചര്‍,
    കവിതകള്‍ മുഴുവനായി ആസ്വദിക്കാനുള്ള കഴിവ് എനിക്കില്ല. എന്നിട്ടും, ടീച്ചറുടെ കവിതകളിലെ വരികള്‍ വല്ലാതെ ഫീല്‍ ചെയ്യിക്കുന്നു..
    അവ അത്രയ്ക്ക് സിമ്പിള്‍ ആയത് കൊണ്ടാകാം...

    പിന്നെ.. പണ്ടേ പറയേണ്ടിയിരുന്ന ഒരു നന്ദി, അല്പം വൈകിയിട്ടാണെങ്കിലും ഞാന്‍ പറയുകയാണ്‌..
    ആദ്യമായി ഞാന്‍ 'ചരിത്ര സത്യം' എന്ന നര്‍മ്മ കഥ എഴുതിയപ്പോള്‍ ടീച്ചര്‍ പറഞ്ഞു 'ആ കളം മാറ്റം നന്നായി എന്ന്..' അത് സത്യമായിരുന്നു. ആ ബ്ലോഗ്‌ കുഴപ്പമില്ലാതെ പോകുന്നു. ഇന്ന് എന്റെ പുതിയ ബ്ലോഗായ 'അപരാഹ്നം' -ലെ കഥക്കും ടീച്ചര്‍ പറഞ്ഞു നന്നായി എന്ന്. അപ്പോള്‍ ഇതും ഹിറ്റാകും അല്ലെ ടീച്ചറെ..?

    ഓര്‍ത്തതിന്, പ്രോല്സാഹനങ്ങള്‍ക്ക്, അഭിപ്രായങ്ങള്‍ക്ക് എല്ലാം ഒരിക്കല്‍ കൂടി ഒരായിരം നന്ദി പറയുന്നു..
    നന്ദി.. നന്ദി...നന്ദി..

    ReplyDelete
  12. കൊള്ളാം ആശംസകള്‍....

    ReplyDelete
  13. കവിതയിൽ പുതിയ ചിന്തയും കവിത്വവുമുണ്ട്. പക്ഷേ ആളെവിടെ?

    ReplyDelete
  14. വാക്കുകളില്‍ തെളിമയുടെ കണ്ണാടി.
    ഇനിയുമെഴുതാനാവട്ടെ
    ജീവിതത്തെ അതിന്റെ തെളിമയില്‍...

    ReplyDelete
  15. താങ്കളുടെ ശരിയായ പേരാണോ അനാമിക എന്ന്?? അല്ലെങ്കില്‍ ശരിയായ പേര് വെളിപ്പെടുത്തുക. കാരണം ഇത്രയും നല്ല ഒരു കവയിത്രി അനോണിയായി ബൂലോകത്ത് മറഞ്ഞു മാഞ്ഞു പോകേണ്ട ഒരാള്‍ അല്ല. അത്രയും അത്രയും ലളിതവും സുന്ദരവും ആയ വരികള്‍..

    ReplyDelete
  16. എന്റെ ശരിയായ പേരല്ല അനാമിക താങ്കൾ ഊഹിച്ചതു പോലെ.പേര് വെളിപ്പെടുത്താൻ തോന്നുന്നില്ല..ക്ഷമിക്കണം.ഒന്നും എഴുതാറില്ല ഇപ്പോൾ.പിന്നെന്തിനാണു പേർ?

    ReplyDelete